അന്ന് അരിയന്നൂർ അമ്പലത്തിൽ മിമിക്സ്
പരേഡ്, കൊച്ചിൻ യുവശ്രീയുടെ പേരിൽ അരങ്ങേറുന്നു.
പേര് കൊച്ചിൻ എന്ന് പറയുന്നത് ഞങ്ങളുടെ ഒരു ശീലമായിരുന്നു. കുറച്ച് കാശ് കൂടുതൽ ലഭിക്കും.
ഞങ്ങൾ തൃശൂർ ചിണ്ടുരും അടാട്ടുമായി ഓടി നടക്കുന്നവർ. എന്നാലും കൊച്ചിൻ പേരിൽ അന്ന്
പരിപാടി അരങ്ങേറി. അന്ന് ആറായിരം രൂപ വാങ്ങിയുള്ള കളിയാണ്. അതിൽ ഭൂരിഭാഗവും സൗണ്ട്
സിസ്റ്റം കൊണ്ടുവരുന്നവർക്കുള്ള വാടകയാണ്. അബിയും ദിലീപുമൊക്കെ ചെറുവാനുകളുടെ മുകളിൽ സൗണ്ട് സിസ്റ്റം വെച്ച് ഒരു സംഘമായി പോകുന്ന പോലെ,
നല്ല സ്റ്റൈൽ ആയി ഞങ്ങളും പോയി. ആറു പേരുടെ ഒരു ടീം. സൗണ്ട് സിസ്റ്റം താങ്ങി കൊണ്ടുവരുമ്പോൾ
താഴെ വീണ് എന്തൊക്കൊയെ പ്രശ്നങ്ങൾ ഉണ്ടായി. പരിപാടി തുടങ്ങുന്നതിനും മുമ്പ് ശബ്ദം ടെസ്റ്റ് ചെയ്യുന്നതിനിടയിൽ ഞാൻ എന്തോ
അപകടം മണത്തു. മോശമാകാൻ സാധ്യതയുണ്ടെന്ന് എന്റെ മനസ് പറയാൻ തുടങ്ങി. ഇതിനിടയിൽ സ്കൂളിൽ
പണ്ട് പഠിച്ചിരുന്ന രണ്ടു സുഹൃത്തുക്കൾ പൂരപ്പറമ്പിൽ പിന്നിൽ പ്രത്യക്ഷപ്പെട്ടു. അവർ
അന്ന് വരെ എന്റെ ഈ തരികട കളികൾ കണ്ടിരുന്നില്ല. അശ്വിനും ലിജേഷും. അരിയന്നൂർ അവരുടെ
നാടാണ്. ഈ പരിപാടി കാണേണ്ട എന്ന് അവരോട് പറയാൻ
എനിക്ക് പറ്റില്ലല്ലോ. ചില മ്യൂസിക്കും കാര്യങ്ങളുമായി തുടങ്ങി വെച്ചു.
ഒരു പതിനഞ്ച് മിനിറ്റു മുന്നോട്ട് പോയപ്പോൾ
സിനിമ താരങ്ങളുടെ ശബ്ദ അനുകരണകളി ആരംഭിച്ചു. എന്റെ അനുകരണങ്ങൾ ഓരോന്നായി പരാജയപ്പെട്ടുകൊണ്ടിരുന്നു.
നല്ല കൂവൽ. ബിനീഷ് ഒരു വിധം അന്ന് രക്ഷപ്പെട്ടു. എനിക്ക് കൂടുതൽ കൂവൽ കിട്ടുവെന്നു
മനസിലാക്കിയപ്പോൾ ഞാൻ വേഗം പ്രോഗ്രാം ക്രമം മാറ്റി. അവനു പ്രാധാന്യമുള്ള പരിപാടികൾ
കാണികളുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. എന്നിട്ടും അടങ്ങാത്ത കാണികൾ എന്നെ അവതരണ വാക്കുകൾ പോലും പറയാൻ സമ്മതിക്കാതെ
കൂവലായി. അതോടെ സ്റ്റേജിനു പിന്നിൽ അവതരണം കുറച്ച് സമയത്തേക്ക് വിജീഷിന് കൈമാറി. എന്റെ
കൂടെ കൂടുതൽ സമയം ഉണ്ടായിരുന്നത് കൊണ്ട് അവനും അവതരണ വാക്കുകൾ അറിയാം. പ്രത്യേകം പഠിക്കേണ്ട
കാര്യമില്ല. വിജീഷ് പിന്നിൽ നിന്ന് പറയുന്നുണ്ട് “നീ ഇത് കേട്ട് പേടിക്കരുത്.” കൂവൽ
കേൾക്കുന്നതിൽ പേടിച്ചിട്ടില്ല എന്ന് എനിക്ക് അവനെ പറഞ്ഞു മനസിലാക്കണമെന്നുണ്ട്. പക്ഷെ
അതിനൊന്നും സമയമില്ല. വിജീഷിനെയും കാണികളുടെ മുന്നിലേക്ക് തള്ളി വിട്ടു. വിജീഷും ബിനീഷും
കൂടി ആ പരിപാടിയെ ഒരു വിധത്തിൽ അവസാനം വരെ താങ്ങി നിർത്തി. അങ്ങനെ പരിക്കുകൾ പറ്റാതെ
രക്ഷപ്പെട്ടു. കാണികൾ ഒന്ന് അടങ്ങിയപ്പോൾ എന്റെ ഭാഗങ്ങൾ അടങ്ങിയ പരിപാടികൾ വീണ്ടും
കൊണ്ടുവന്നു. ചെറിയ ക്രമമാറ്റം. എന്നിട്ടും കലി തീരാതെ ഒരുവൻ ചോദിക്കുന്നുണ്ട് "ഇവനെയൊക്കെ എവിടുന്ന് കിട്ടി.." എങ്ങനെയൊക്കയോ
ഒന്നര മണിക്കൂർ തള്ളിവിട്ടു. അന്ന് ചെരിപ്പ്
കൊണ്ട് ഏറു കിട്ടാതെ എങ്ങനെയോ രക്ഷപ്പെട്ടു.
സീൻ 2 - അടുത്ത ദിവസം തൃശൂർ എഞ്ചിനീയറിംഗ് കോളേജ്
കേശു : എടാ നിനക്കൊന്നും വേറെ പണിയില്ലേ
?
ചമ്മൽ ചിരിയുമായി ഞാൻ അവിടെ തല ഉയർത്തി
നടന്നു. അന്നത്തെ അരിയന്നൂർ ക്ഷീണം ഒരുവർഷം കഴിഞ്ഞാണ് മാറ്റിയെടുത്തത്.
സീൻ 3 - ഒരു വർഷത്തിന് ശേഷം - വീണ്ടും
അരിയന്നൂർ
ഇത്തവണ മൈത്രി ഹാൾ.
പരിപാടി തുടങ്ങുന്നതിനു മുമ്പ് സ്റ്റേജിനു
മുന്നിൽ വാളുമായി ഒരുവൻ നിൽക്കുന്നു. അവന്റെ മുഖം കണ്ടാൽ അറിയാം ആരുടെ നെഞ്ചത്തും കയറാൻ
തയ്യാറായി നിൽക്കുന്നപ്പോലെ.
ഞാൻ വിജീഷിനോട് പറഞ്ഞു "ഇന്ന് ശരിയായില്ലെങ്കിൽ
അപകടമാണ്. നിൽക്കണ നിൽപ്പ് കണ്ട… കണ്ടാൽ അറിയാം ഏതോ ഒരു ഗുണ്ടയാണ് ,
പോലീസ് കാര് പോലും പേടിച്ചിട്ടാണ് അവന്റെ മുന്നിൽ നിൽക്കുന്നത് "
"ഇന്ന് പേടിക്കേണ്ട...മ്മ്‌ടെ കലാഭവൻ
ജോബിയുണ്ടല്ലോ!”
വിജീഷ് പറയുന്നത് ഞാൻ വിശ്വസിച്ചു. കലാഭവൻ
ജോബിയെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. പലസ്ഥലത്തും ഞങ്ങൾ കൊച്ചിൻ എന്ന് പേര് പറഞ്ഞു
അവതരിപ്പിക്കുന്നത് കൊണ്ട്, ഈ ജോബി ശരിക്കുള്ള കലഭവനാണോ എന്നുറപ്പ് എനിക്ക് ഉണ്ടായിരുന്നില്ല.
എങ്കിലും നന്നായി പരിപാടി ചെയ്യുന്നത് കണ്ടു ഞാൻ അവനെ വിശ്വസിച്ചു.
അന്നത്തെ പരിപാടി വൻവിജയമായി, ക്രിക്കറ്റ്
താരങ്ങളെ അനുകരിച്ച് വേദിയിൽ ഞാനും ഇളകി മറിഞ്ഞു.
എന്ത് കാര്യം, അന്നത്തെ പരിപാടി കാണാൻ
കേശുവോ ലിജേഷോ അശ്വിനോ ഉണ്ടായിരുന്നില്ല. അന്ന് അവിടെ എത്തിയത് മുതൽ വിജയിക്കുമെന്ന്
മനസ്സ് പറഞ്ഞത് കൊണ്ട് ഇവർ അവിടെയുണ്ടോയെന്ന് ഞാൻ തിരഞ്ഞുകൊണ്ടിരുന്നു. പരിപാടി കഴിഞ്ഞ്
ആർക്കൊക്കെയോ കൈകൾ കൊടുത്തു, വേറെ എവിടെയോ
അടുത്ത പരിപാടിയുണ്ടെന്ന നാട്യത്തിൽ വേഗത്തിൽ ഞാൻ
നടന്നുകൊണ്ടിരുന്നു.
സീൻ 3 വീണ്ടും അടുത്ത ദിവസം കോളേജിൽ
അടുത്ത ദിവസം ക്ലാസ് റൂമിൽ എത്തിയതും
കേശുവിന്റെ അടുത്തേയ്ക്ക് ഞാൻ ബോധപൂർവം പോയി...സോഫിയും കേശുവും ചിരിച്ചു. “കേട്ടു കേട്ടു
..നീ നാട്ടിൽ വന്ന് ഉഴുത് മറിച്ചെന്നു ഞാൻ കേട്ടു.” ആദ്യ വർഷ അരിയന്നൂർ പരാജയത്തിന്
അതെ സ്ഥലത്ത് വെച്ച് ഒരു ചെറിയ വിജയം. കേശുവിന്റെ മുന്നിൽ. എന്റെ ഒരു വാശിക്ക് പോയി വിജയിച്ചതൊന്നുമല്ല. അത് അങ്ങനെ
സംഭവിച്ചുപ്പോയതാണ്.