അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സൈക്കിൾ
വിദ്യ പഠിച്ചു. അതോടെ സ്വന്തമായി സൈക്കിൾ വേണമെന്നായി.
എന്തുകൊണ്ടോ പപ്പാ അത് വാങ്ങി തന്നില്ല. കുറച്ചുകൂടി ഉയരം വെക്കട്ടെയെന്ന് ചിന്തിച്ചു കാണണം. പലരുടെയും ഉദാഹരണം ഞാൻ പറഞ്ഞുകൊണ്ടിരുന്നു.
അടുത്ത വർഷം ആവശ്യം വീണ്ടും ഉന്നയിച്ചു.
അതോടെ ഒരു കണ്ടീഷൻ എന്റെ മുന്നിൽ എത്തി.
“ക്ലാസ്സിൽ ഒന്നാം റാങ്ക് വാങ്ങി വരൂ."
അപ്പോൾ തന്നെ ഞാൻ പറഞ്ഞു " നടക്കണ വല്ല കാര്യവും പറയ്."
ഇരുപതിൽ നിന്ന് നേരെ നാലാം റാങ്കിൽ എത്തിയ
ആത്മവിശ്വാസത്തിൽ ഇനിയും നന്നായി പഠിക്കുമായിരിക്കുമെന്ന തോന്നലാണോ എന്നറിയില്ല. ഞാൻ
പപ്പയോട് പറഞ്ഞു "അത് നടക്കില്ല....ന്മളെ കൊണ്ട് കൂട്ടിയാ കൂടില്ല.”
ഞാൻ മനസ്സിൽ പറഞ്ഞു ‘പോരാത്തതിന് രണ്ടു
പുതിയ ദുബായ്ക്കാരും വന്നിട്ടുണ്ട്. ഇവടെവരെ എത്തിയത് എങ്ങനെയെന്നു എനിക്കന്നെ
അറിയില്ല. ’
"അടുത്ത വർഷമാവട്ടെ, നീ ശ്രമിക്ക്
"
ഏഴാം ക്ലാസ്സിൽ ഞാൻ വീണ്ടും ആവശ്യം ഉന്നയിച്ചു.
നടന്നില്ല.
എട്ടാം ക്ലാസ്സിൽ എത്തിയപ്പോൾ വീണ്ടും
ആവശ്യം ഉന്നയിച്ചു.
"ഫസ്റ്റ് റാങ്ക് വാങ്ങിക്കുന്നത്
നടക്കണ കാര്യമല്ല. വാങ്ങി തരാൻ ഉദ്ദേശം ഇല്ലെങ്കിൽ അത് പറഞ്ഞാൽ മതിയെന്നായി.
" ഞാൻ കട്ടായം പറഞ്ഞു.
ഞാൻ മനസ്സിൽ പറഞ്ഞു. "ഇത് നടക്കില്ല. മൂന്ന് പേര് തടസങ്ങളായി ഉണ്ട്.
മധു, അശ്വിൻ, ഷീമ." നാല് തൊട്ടുള്ള സ്ഥാനങ്ങൾ
മാത്രമേ സാധാരണക്കാരായ ഞങ്ങൾക്ക് പറഞ്ഞിട്ടുള്ളു, അതാണ് അന്നത്തെ ഡീപോൾ സ്കൂൾ നാട്ടു
നടപ്പ്. അവസാനം പപ്പാ ഓഫർ മാറ്റി പറഞ്ഞു. "ന്നാ നീ ഒരു പരീക്ഷയിൽ ഒന്നാം സ്ഥാനം
വാങ്ങിക്ക്. "
അതിൽ ഞാൻ ചാടി വീണു. "അത് ഞാൻ ഏറ്റു."
പെട്ടന്ന് എന്നെ നോക്കിയിട്ട് പറഞ്ഞു "യൂണിറ്റ് ടെസ്റ്റിൽ അല്ല. ക്വാർട്ടർലി പരീക്ഷയിൽ
വേണം." അതോടെ ഞാൻ വീണ്ടും പ്രശ്നത്തിലായി. എങ്കിലും തട്ടിമുട്ടി ഓണ പരീക്ഷയിൽ
ഏതോ ഒരു വിഷയത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. അങ്ങനെ നീല നിറത്തിലുള്ള ഒരു ബി.എസ്.എ ലേഡീസ്
സൈക്കിൾ സ്വന്തമായി ലഭിച്ചു.
No comments:
Post a Comment