Sunday, October 24, 2021

ഇൻ ഹരിഹർ നഗർ

അന്ന് എന്റെ ജന്മദിനമായിരുന്നു. അന്നത്തെ ജന്മദിനം കടന്നുപോയത് ഒരു ട്രെയിൻ യാത്രക്കിടയിൽ. രാത്രി യാത്ര.  അവൾ രണ്ടു സീറ്റ് അകലെ മറ്റൊരു ബെർത്തിൽ ഉണ്ട്. രാവിലെ ആറുമണിക്ക് ബാംഗ്ലൂർ സെൻട്രൽ സ്റ്റേഷനിൽ ട്രെയിൻ എത്തും. അതിനും ഒരു മണിക്കൂർ മുമ്പേ ഞാൻ എഴുന്നേറ്റ് നടത്തം തുടങ്ങി. അവൾ ചുരുണ്ടുകൂടി ശ്രദ്ധയില്ലാതെ കിടക്കുന്നു. മുഖം കഴുകി തിരിച്ചുവരുമ്പോൾ ഒരുവൻ വഴിയിൽ തടസമായി നിൽക്കുന്നു. അവന്റെ മുന്നോട്ട് പോകുന്നില്ല. അവന്റെ നിൽപ്പ് ശരിയല്ലെന്ന് തോന്നിയപ്പോൾ അവനെ കൈകൊണ്ട് മുന്നോട്ട് തള്ളി. പെട്ടന്ന് അവൻ മുന്നോട്ട് നടന്നു നീങ്ങി. വശത്തെ ബെർത്തിൽ കിടന്നിരുന്ന അവളെ ഞാൻ ഉണർത്തി. എന്റെ കയ്യിൽ കരുതിയിരുന്ന രണ്ട് വലിയ കാഡ്‌ബറി ഡയറി മിൽക്ക് അവൾക്ക് കൊടുത്തു.

‘കൈകൂലിയാണ്. എത്രയോ മിട്ടായികൾ അവൾക്ക് പുല്ല് പോലെ കിട്ടിക്കാണും. ഇതിനു എന്ത് വില.?’ ഞാൻ സ്വയം പറഞ്ഞുകൊണ്ടിരുന്നു.

മനസ്സിൽ എപ്പോഴോ ഇന്നൊസെന്റ് ഡയലോഗ് ഓർമ്മ വന്നു.

‘പോലീസുകാരന് രണ്ടു ബ്രാണ്ടി കുപ്പി കൊടുത്ത് കുപ്പിലാക്കാമെന്നാണോ വിചാരിക്കുന്നത്.’  

പിന്നെ ചിന്തിച്ചു ‘ഹേയ് അങ്ങനെ അവൾ ചിന്തിക്കോ...’  മനസിന്റെ ഉള്ളിലെ ജഗദിഷ് സംസാരിച്ചു.

‘ഹേ ഇല്ല..’ സിദ്ദിഖ് അതിനു മറുപടി പറഞ്ഞു.

‘ഉവ്വോ അങ്ങനെ ചിന്തിക്കോ...’ സിദ്ദിഖ്  വീണ്ടും ചോദിച്ചു.

‘ചീപ്പായോ...’  മുകേഷിൻറെ ശബ്ദം പുറത്തു വന്നു.

‘വേണ്ടായിരുന്നു.’ ജഗദിഷ് ശബ്ദം മറുപടി പറഞ്ഞു.

ട്രെയിൻ ഇറങ്ങി നടക്കുന്നതിനിടയിൽ അങ്ങനെയുള്ള എല്ലാ വരികളും  എന്റെ തലയിലൂടെ വ്യസ്ത്യസ്ത ശബ്ദങ്ങളായി മുഴങ്ങി കടന്നുപോയി.  പിന്നെ മനസിലെ സംശയമെല്ലാം മാറ്റി. അത് ശരിയായ തീരുമാനമായിരുന്നുവെന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിച്ചു.

No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...