ജോലിക്ക് കയറിയതിന് ശേഷം ആദ്യ രണ്ട് വർഷങ്ങൾ ലീവ് എടുത്തിട്ടില്ല. ലീവ് എടുക്കണമെന്ന്
തോന്നിയിട്ടുമില്ല. വല്യപ്പൻ മരിച്ചതറിഞ്ഞു പോകാൻ നിന്നപ്പോൾ എന്തായാലും നിങ്ങൾ ഫ്യൂണറൽ
സമയത്തെത്തില്ല പിന്നെ പോയത്കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലല്ലോ. അവിടെ കർമ്മങ്ങൾ
ചെയ്യാൻ വേറെ ആൾക്കാർ ഉണ്ടല്ലോ. നിങ്ങൾ അവിടെ ഒരു അത്യാവശ്യമല്ലല്ലോ. അങ്ങനെ പലതും
പറഞ്ഞു മാനേജർ എന്റെ മനസ്സ് മാറ്റി. ശരിയാണ് ഞാൻ ഫ്ലൈറ്റ് എടുത്താലും സമയത്ത് എത്തില്ല. അതുകൊണ്ട് യാത്ര ശനിയാഴ്ചയിലേക്ക് മാറ്റി വെച്ചു.
ശനിയും
ഞായറും മുടക്കാണല്ലോ.
മാസങ്ങൾക്ക് ശേഷം വേൾഡ് കപ്പ് ഫുട്ബാൾ
അർജന്റീനയുടെ മത്സരം നടക്കുന്നു. ലീവ് കിട്ടില്ലെന്ന് അറിയാവുന്നത് കൊണ്ട് ഒരു മാർഗം
മാത്രം. ഓഫീസിൽ കാലത്ത് തന്നെ പോയി. കഠിനമായ ഇല്ലാത്ത വയറു വേദനയും മറ്റും പറഞ്ഞു പകുതി
ദിവസം ഓഫിസിൽ നിന്നും മുങ്ങി. 6 മാസമായി മുടങ്ങാതെ ഓഫിസിൽ വന്നതുകൊണ്ട് വയറു വേദന മാനേജർ രാജൻ സമ്മതിച്ചു തന്നു. ലീവ് ചിലപ്പോൾ സമ്മതിക്കുമായിരുന്നില്ല.
1986-മുതൽ തെറ്റാതെ നടത്തുന്ന പുണ്യസ്ഥല
സന്ദർശനം പോലെയായിരുന്നു അർജന്റീനയുടെ മത്സരങ്ങളും. എത്ര നിരാശപ്പെടുത്തിയാലും പിന്നേയും
പ്രതീക്ഷയോടെ കാത്തിരിക്കും. പിന്നെ ഒരു ലീവ് എടുക്കുന്നത് വിവാഹവുമായി ബന്ധപ്പെട്ടാണ്,
രണ്ട് വർഷത്തിന് ശേഷം. പക്ഷേ ലീവ് എടുക്കാത്തതിൽ എന്തെങ്കിലും വിഷമമമൊന്നും തോന്നിയിരുന്നില്ല.
ജോലി ആസ്വദിച്ചു തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. ജോലി ഒരിക്കലും ബോറടിച്ചിരുന്നില്ല.
പുതിയതായി എന്തെങ്കിലും ടെക്നിക്കൽ കാര്യങ്ങൾ ഉണ്ടാക്കുന്ന ജോലിയായിരുന്നത്കൊണ്ട് ഒരിക്കലും
മടുത്തിരുന്നില്ല. സാങ്കേതിക സപ്പോർട്ട് ജോലികളും ഒരു വിധത്തിൽ ആസ്വാദനം തന്നെയായിരുന്നു.
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴുള്ള രസം. തിരിച്ചു താമസിക്കുന്ന അപ്പാർട്മെന്റിൽ
എത്തിയാൽ പുതിയ സൗഹൃദങ്ങൾ. വെള്ളിയാഴ്ചയാവാൻ
കാത്തിരിക്കുന്ന ഒരു സംഘം ചെറുപ്പക്കാർ. ഒന്നുകിൽ നാട്ടിലേക്ക് അല്ലെങ്കിൽ പബ്ബിലേക്ക്.
എന്തായാലും വീക്കെൻഡ് പ്രതീക്ഷകളുമായി അഞ്ച് ദിവസവും ഓഫീസിൽ. എത്ര വൈകിയാലും പരാതിയൊന്നും
പറഞ്ഞിരുന്നില്ല. പുതിയ പുതിയ കാര്യങ്ങൾ ചെയ്യുന്നതിലെ ആവേശമായിരുന്നിരിക്കണം. പുതിയ
കാര്യങ്ങൾ കണ്ടെത്തുന്ന ആവേശം.