Friday, November 19, 2021

ഇംഗ്ലണ്ടിലെ രാജ്ഞിയുടെ ഡ്രൈവർ

അന്ന് ഞങ്ങളുടെ ഓഫീസ് പാർട്ടി നടത്തിയത് ബാംഗളൂരിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ബാറിലായിരുന്നു. അവിടെ ഞങ്ങളുടെ പ്രധാനപ്പെട്ട ക്ലൈന്റ്‌സ് യുകെയിൽ നിന്നും വന്നിട്ടുണ്ട്. നേരം വൈകി കൊണ്ടിരിക്കുന്നു വീട്ടിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആദ്യമായി അവർ ഇവിടെ വന്നിട്ട് അവരെ ഹോട്ടലിൽ എത്തിച്ചു വീട്ടിൽ പോയാൽ മതിയെന്ന് മാനേജർ പറഞ്ഞു.

"അവർക്ക് നിങ്ങളെ വലിയ ഇഷ്ടമാണ്. നിങ്ങൾ ഇവിടെ അവസാനം വരെ ഉണ്ടാകണം. " 

"ഞാൻ ഉണ്ടാകേണ്ടത് അത്യാവശ്യമെങ്കിൽ തീർച്ചയായും നിൽക്കുന്നതിൽ സന്തോഷം."

നമ്മളെ ആവശ്യമുണ്ടെന്ന് പറഞ്ഞു അധികം കേൾക്കാറില്ല. കൂടുതലും കേൾക്കുക "എത്രയോ പേര് നമ്മളെ മാറ്റി വെച്ച് പ്രവർത്തിക്കാൻ ഉണ്ടാകുമെന്ന  നിരുത്സാഹപ്പെടുത്തുന്ന വരികളാണ്. ഒരാൾ പോയാൽ മറ്റൊരാൾ വരും." സത്യം അത് തന്നെയാണ്. എന്നാലും തീരെ ചെറിയ ഉദ്യോഗസ്ഥനായ ഞാൻ അവിടെ ഉണ്ടാകണമെന്ന് മാനേജർക്ക്  നിർബന്ധം. രാജ്ഞിക്കും  ടാസിനും പ്രിയപ്പെട്ട നിങ്ങൾ എങ്ങനെ നേരത്തെ പോകും.? അതാണ് മാനേജരുടെ ലൈൻ.

സത്യമായിരിക്കും ഞാൻ സംസാരിക്കുന്നത് പാട്ട് പാടുന്നപ്പോലെയാണെന്ന് ഒരിക്കൽ രാജ്ഞി അഭിനന്ദിച്ചത് ഓർമ്മ വന്നു. 'സോപ്പിടാൻ പറയുന്നതാണോ. ഹേയ് അല്ല. അവർ പറഞ്ഞപ്പോൾ ഒരു കൺവിക്ഷൻ ഉണ്ടായിരുന്നു.'

അന്നെനിക്ക് ഒരു സെക്കന്റ് ഹാൻഡ്  ഒപെൽ ആസ്ട്ര കാർ ഉണ്ടായിരുന്നു. രാജ്ഞി പിൻ സീറ്റിൽ മുക്ത, സ്വാതി തുടങ്ങിയവരുടെ കൂടെ തിങ്ങിയിരുന്നു. പാവം ഇംഗ്ളണ്ടിലെ രാജ്ഞിയാണ്. കാറിൽ കയറിയതും അവർ ഒരു സത്യം മനസിലാക്കി. ഹോട്ടലിൽ എത്തണമെങ്കിൽ ദൈവം കനിയണം. ഞങ്ങൾ തമാശയായി അങ്ങനെ പറയാനും തുടങ്ങി. കാറുകളും ലോറികളും ഇടത്തുകൂടെയും വലതുകൂടെയും കടന്നുപോകുമ്പോൾ രാജ്ഞി ഉറക്കെ കരച്ചിൽ അഭിനയിച്ചു. ചിലപ്പോൾ കരഞ്ഞതായിരിക്കാം. അവരുടെ ഭയം ശരിയാണെന്ന് മനസിലായപ്പോൾ എനിക്ക് ദയ തോന്നി. വിദേശത്ത് ചെല്ലുമ്പോൾ ചില കാർ ഡ്രൈവർമാർ എനിക്കും വിശ്വാസം തരുന്നത് പോലെ ഞാനും അവരോടു പറഞ്ഞു "പേടിക്കേണ്ട മാഡം ഇത് സ്ഥിരം പതിവാണ്. ആക്സിഡന്റ് ഒരിക്കലും ഈ ട്രാഫിക് ബ്ലോക്കിൽ സംഭവിക്കില്ല. വാഹനങ്ങൾ മുന്നോട്ട് നീങ്ങാൻ തന്നെ ബുദ്ധിമുട്ടാണ്. ഇടയിലൂടെ തിങ്ങി നിരങ്ങി നമ്മൾ മാഡം താമസിക്കുന്ന ഹോട്ടലിൽ എത്തും."

"ഐ ട്രസ്റ്റ് യു."

ഞാൻ ചിരിച്ചു. "വേറെ വഴിയില്ലല്ലോ." എന്തൊക്കൊയോ തമാശകൾ പറഞ്ഞു ഞങ്ങൾ ജീവനോടെ  ഹോട്ടലിൽ എത്തി. 

“പക്ഷെ, എന്താണ് ആരും നിയമം പാലിക്കാതെ വാഹനങ്ങൾ ഓടിക്കുന്നത് ?”

“ഇവിടെ എല്ലാവരും പരസ്‌പരം മനസ്സ് വായിച്ചാണ് വാഹനം ഓടിക്കുന്നത് മാഡം.”

“ഒന്ന് തെറ്റിയാൽ...തെൻ?”

“തെറ്റാം ... യു നോ..  തെറ്റില്ല മാഡം... ഈ നഗരത്തിലെ ബഹളം ഇങ്ങനെയൊക്കയാണ്.”

പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്, വേറെ ആരൊക്കെ കാർ ഡ്രൈവ് ചെയ്താലും എന്റെ കാലും ശരീരവും വെറുതെ ചലിച്ചു കൊണ്ടിരിക്കും. മുൻസീറ്റിലായാലും പിൻ സീറ്റിലായാലും വേറെ ഒരു ഡ്രൈവറെയും ഞാൻ പരിപൂർണമായി വിശ്വസിച്ചിരിന്നുല്ല. ഡ്രൈവിംഗ് അറിയാവുന്ന മിക്കവരുടെയും മാനസിക അവസ്ഥ ഇത് തന്നെയായിരിക്കും. ഇന്നലെ റോഡിന്റെ വശത്തൂടെ  നടന്നു പോകുമ്പോൾ  ഒരാളുടെ  സൈക്കിൾ മറ്റൊരു കാറിന്റെ മുന്നിൽ ചാടി. അത് കണ്ട ഞാൻ നടത്തം നിർത്തി, അവിടെ നിലത്ത് കാലുകൊണ്ട് സ്വയം ബ്രേക്ക് ഭൂമിയിൽ അമർത്തി.


No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...