പഴയ വാഹനങ്ങൾ പൊളിച്ചു പണിയുന്നത് എനിക്ക്
ഒരു ലഹരിയായിരുന്നു. കുറച്ചു പണം അതിനു വേണ്ടി
നീക്കി വെക്കാറുണ്ട്. ഒരിക്കൽ ബാംഗ്ലൂരിലുള്ള വീടിന്റെ അടുത്തുള്ള ഒരു ചെറിയ ഗാരേജ്
നടത്തിപ്പുകാരനെ സമീപിച്ചു മഹീന്ദ്രയുടെ 70 മോഡൽ ജീപ്പ് എഞ്ചിൻ മാറ്റാനായി കൊടുത്തു.
ഇസുസുവിന്റെ പുതിയ എൻജിൻ അവിടുത്തെ ചാല ബസാറിൽ പോയി വാങ്ങി നിർദ്ദേശങ്ങൾ നൽകി. ഗാരേജ് ഓഫിസിൽ
നിന്നും പോരുന്ന വഴിയായത് കൊണ്ട് അവനെക്കൊണ്ട് അത് ദിവസവും പണി ചെയ്യിപ്പിച്ചു വിജയപ്പിക്കാമെന്ന്
എന്നിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു. ഒരു വർഷം അവൻ "അഭി കർത്താ ഹം മേ എന്ന് പറഞ്ഞു എന്നെ
നടത്തിപ്പിച്ചു." ഒരു കാര്യം മനസിലായി. എന്തെങ്കിലും പണിയണമെങ്കിൽ എന്തെങ്കിലും
പണി അറിയണം. എന്തായാലും ഊരിയെടുത്ത് തിരിച്ചു വെച്ച് തന്നു.
ഞാൻ പരാജയപ്പെട്ടില്ല. അവിടുത്തെ ഏറ്റവും
പഴക്കം ചെന്ന കാർ മെക്കാനിക്കിനെ പോയി കണ്ടു. മിടുക്കൻ. കണ്ണൻ. അച്ഛനും മകനും ചേർന്നിട്ടുള്ള
സെറ്റപ്പാണ്. ഞങ്ങളുടെ കമ്പനിയുടെ അത്രയും പ്രായമുണ്ട്. 1943ൽ ബ്രിട്ടീഷ് രാജ്ഞിയെ 100 -110 വേഗത്തിൽ വെറും ഒരു
മണിക്കൂറിൽ തന്റെ മോറിസ് മൈനർ കാറിൽ സേലത്തു
നിന്നും കോയമ്പത്തൂർ എത്തിച്ച വ്യക്തിയാണ് മുന്നിൽ ഇരിക്കുന്നത്. കണ്ണന്റെ അച്ഛൻ. കണ്ണനും മിടുക്കാണ്. ആദ്യ പരാജയത്തിൽനിന്നു പാഠം
ഉൾക്കൊണ്ട് ഞാൻ കണ്ണനെ ജീപ്പ് ഏൽപ്പിച്ചു.
എനിക്ക് തെറ്റിയില്ല. നല്ല ഭംഗിയായി അയാൾ
പണി തുടങ്ങി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കണ്ണനും തുടങ്ങി "സാർ...മോറിസ് മൈനർ
കാറിൽ 100 -110 വേഗത്തിൽ ..."
ഓരോ തവണ ചെല്ലുമ്പോഴും ഈ കഥ ഞാൻ കേട്ടുകൊണ്ടിരുന്നു. കിലോമീറ്റർ കണക്ക് ശരിയാണോ എന്ന് ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാലും കഥയുടെ ഫ്‌ലോ കളയാതിരിക്കാൻ ഞാൻ മിണ്ടാതെ കേട്ടിരിക്കും. വെള്ളാനകളുടെ നാട് എന്ന സിനിമയിലെ പപ്പു ചേട്ടൻ ഡയലോഗ് ഈ ലോകത്തെ എല്ലാ ജോലിക്കാരും പറയുന്നതാണല്ലോ. കണ്ണനെ കുറ്റം പറയാൻ കഴിയില്ല.
ഇടയ്ക്ക് സ്നേഹത്തോടെ നമ്മുടെ പണി നീങ്ങുന്നില്ലല്ലോ
കണ്ണാ എന്ന് പറയും.
അപ്പോൾ തന്നെ ചോദിക്കും. "ആരാണ്
ഈ ജീപ്പിന്റെ പണി ഇതിനു മുമ്പ് ചെയ്തത്... അതാണ് എല്ലാ പ്രശ്നത്തിലും കാരണം."
ഞങ്ങളും പറയാറുണ്ട്. ആരാണ് ഈ സോഫ്റ്റ്‌വെയർ പ്രോഗ്രാം ചെയ്തു വെച്ചിരിക്കുന്നത്. അതാണ്
എല്ലാ പ്രശ്നത്തിനും കാരണം. ആ ശബ്ദം എന്റെ മനസ്സിൽ മുഴങ്ങിയത് കൊണ്ട് കണ്ണനോട് ഒന്നും
പറയാനും തോന്നുന്നില്ല.
അങ്ങനെ മൂന്ന് മാസം കഴിഞ്ഞു. ആറു മാസം
കഴിഞ്ഞു. എന്റെ വർത്തമാനത്തിന്റെ ശക്തി കൂടിത്തുടങ്ങി. കാര്യമൊന്നുമില്ല. ഇടയ്ക്ക്
മൂപ്പർ ഇംഗ്ലീഷിൽ "ഐ വിൽ ഡു ഇറ്റ് സാർ." അദ്ദേഹവും ഇപ്പൊ ശരിയാക്കി തരാമെന്ന്
പറഞ്ഞു ഒരു വർഷം തള്ളി നീക്കി. അങ്ങനെ രണ്ടു വർഷത്തിന് ശേഷം എന്റെ കയ്യിൽ ജീപ്പ് തിരിച്ചു
കിട്ടി. രണ്ടു ഗാരേജ് ജോലിക്കാരും കൂടി എന്നെ ശരിയാക്കി തന്നു. ശരിക്കും. ജീപ്പ് കയ്യിൽ
കിട്ടിയപ്പോൾ തോന്നി ശരിയാക്കതെ തന്നെ ഉപയോഗിക്കുകയായിരുന്നു നല്ലതെന്ന്. എന്നാലും
ഞാൻ പാഠം പഠിച്ചില്ല. നാട്ടിൽ വന്നപ്പോൾ ഒരു യൂനോ ഫിയറ്റ് കാർ ഒന്ന് പണിതു. ഇപ്പോൾ
ഗാരേജിൽ ഓടിക്കാതെ കിടക്കുന്നുണ്ട്. സർക്കാർ നിയമങ്ങൾ മാറുന്നു. അതോടെ അത് ഇനി ഓടിക്കാൻ
കഴിയുമെന്നു തോന്നുന്നില്ല. ഓരോ ഭ്രാന്തുകൾ.
No comments:
Post a Comment