Thursday, November 18, 2021

ക്രിസ്തു വെള്ളത്തിനു മീതെ നടന്നു, എന്നാൽ കുട്ടൻ

 ജോലിക്ക് കയറി, ആദ്യ ബിയർ ശ്രമം പാളിപ്പോയെങ്കിലും ബാംഗ്ലൂർ എത്തിയതിന് ശേഷം കുറച്ചു ബിയർ കുടിച്ചു പഠിച്ചു തുടങ്ങി. ഒരു കുപ്പി ബിയർ കഴിക്കാമെന്നായി. അതോടെ വെള്ളിയാഴ്ചകൾക്ക് ഒരു പ്രത്യേക സുഖം തന്നെ വന്നു തുടങ്ങി. ബാംഗ്ലൂരിന്റെ ചെറിയ കുളിർകാറ്റ് അൽപ്പം മദ്യം. പിന്നീട് അത് റം, വോഡ്ക, ബ്രാണ്ടി തുടങ്ങിയ പാനീയങ്ങളിലേക്ക് ജോലിയെക്കാൾ വേഗത്തിൽ പ്രൊമോഷൻ കൊടുത്തു കൊണ്ടിരുന്നു. എങ്കിലും അമിതമായി കഴിക്കാതിരിക്കാൻ സ്വയം നിയന്ത്രിച്ചിരുന്നു. പ്രേമം ശരിയായി വരുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ സ്ഥിരമായി കള്ളു കുടിച്ചു ആത്മഹത്യയിലേക്ക് നീങ്ങുകായാണെന്ന് കുഞ്ഞിക്കുട്ടൻ വഴി ചില കേന്ദ്രങ്ങളെ വിവരം അറിയിച്ചു. ഒരു ഇമോഷണൽ ബ്ലാക്ക് മെയിലിങ്. ഫലം കണ്ടു. അടുത്ത ദിവസം തന്നെ വിളി വന്നു. ഒരു കൊച്ചു ഉപദേശം. ഉപദേശം അസഹനീയമായതുകൊണ്ട് വേഗം തന്നെ സത്യം പറഞ്ഞു. ഞാൻ വെറുതെ പറഞ്ഞതാണ്. ഒരിക്കലും നിയന്ത്രണം വിട്ട് മദ്യപിച്ചില്ലെന്ന് അറിഞ്ഞപ്പോൾ  അവൾ വേഗം ഉപദേശത്തിൽ നിന്ന് പിൻവലിഞ്ഞു.  അവളെപ്പോലെ ഒരുപാട് പേര് ബാംഗ്ളൂർ വേറെ ഉണ്ടെന്ന് പറഞ്ഞു ഉപദേശം അവസാനിപ്പിച്ചു. കുഞ്ഞിക്കുട്ടൻ  ഒരു ചെറിയ ഹംസ കളി നടത്തിയതാണ്.

ഇടയ്ക്ക് ഹരീഷ് ഒരു ഹംസ കളി നടത്തി, അവളെ ചാറ്റിലൂടെ പിംഗ് ചെയ്തു "പോടാ പട്ടി " മറുപടി കിട്ടി. അതോടെ ഹംസക്ക് സമാധാനം.

മദ്യപാനത്തിന്റെ അളവിൽ വലിയ മാറ്റമൊന്നുമില്ലാതെ തുടർന്നു. ഏതോ ഒരു വെള്ളിയാഴ്ച കുഞ്ഞിക്കുട്ടൻ അമിതമായി മദ്യപിച്ചു. അന്ന് രാത്രി തന്നെ അതിന്റെ ഫലവും കണ്ടു. നിധിയും ഞാനും കുട്ടനും ഒരു മുറിയിലാണ് കിടന്നിരുന്നത്. ആറു പേർ  ഒരുമിച്ച് സപ്ത അപ്പാർട്ട്മെന്റിൽ. കുട്ടൻ അന്ന് പുലർച്ചെ 2 മണിയായതോടെ നല്ലപോലെ ശർദ്ധിച്ചു.  ശർദ്ധിച്ചുവെന്ന് പറയുമ്പോൾ  കൃത്യമായി അടുത്ത കിടന്നിരുന്ന എന്റെ ശരീരത്തിലേക്ക് തന്നെ. കുറച്ചു തലയിലേക്കും.  അതിന്റെ നാറ്റത്തെ കുറിച്ച് പ്രത്യേകിച്ച് വർണ്ണിക്കേണ്ടല്ലോ. ഞാനും നിധിയും കൂടി അടിച്ചു തുടച്ചു വൃത്തിയാക്കി. സ്പ്രൈ അടിച്ചു പരമാവധി നാറ്റമകറ്റാൻ ശ്രമിച്ചു. ഇതിനിടയിൽ കള്ളുകുടിച്ചു ബോധം പോയ കുട്ടനെ ഞാൻ താങ്ങി പിടിച്ചു കുളിമുറിയിൽ ഷവറിനു കീഴിൽ കൊണ്ട് നിർത്തി ഷവർ പ്രവർത്തിപ്പിച്ചു പുറത്തേക്ക് കടന്നു. അവൻ പകുതി ബോധത്തോടെ ഷവറിന്റെ പിരിയിൽ പിടിച്ചു തിരിപ്പിക്കുന്നത് കണ്ടു. ബാക്കി കാഴ്ച കാണേണ്ടന്നു കരുതി കുളിമുറിയുടെ വാതിൽ അടച്ചു.


ഞങ്ങൾ നല്ലപോലെ മുറി വൃത്തിയാക്കി. ഏതാണ്ട് ഒരു 15 മിനിറ്റ് കുട്ടന്റെ കുളി കഴിയുന്ന വരെ കാത്തിരുന്നു. കുട്ടൻ കുളിമുറിയിൽ നിന്നും വരുന്ന ലക്ഷണമില്ല. ഷവർ പ്രവർത്തിക്കുന്ന ശബ്ദം കേൾക്കാം. അതോടെ സംശയമായി. ഞാൻ അവനെ ഉറക്കെ വിളിച്ചു. "കുട്ടാ.." 

അവൻ വിളി കേട്ടില്ല. എനിക്ക് കൂടുതൽ സംശയമായി.

ഞാൻ പതുക്കെ കുളിമുറിയുടെ വാതിൽ തള്ളി നോക്കി. അപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുധപ്പെടുത്തി. ഷവർ മുഴുവൻ ശക്തിയിലും പ്രവർത്തിക്കുന്നു. അതിന് താഴെ ഒരാൾ സുഖമായി ഉറങ്ങുന്നു. വെള്ളത്തിൽ ഉറങ്ങാൻ കഴിയുമോ? കഴിയുമായിരിക്കും. ക്രിസ്തു വെള്ളത്തിന് മീതെ നടന്നു. ചില സ്വാമിമാർ വെള്ളത്തിന് മീതെ ഇരുന്ന് തപസ് ചെയ്യുന്ന ദൃശ്യങ്ങൾ അത്ഭുധപ്പെടുത്തിയിട്ടുണ്ടാവാം. എന്നാൽ വെള്ള ചാട്ടത്തിനു താഴെ ഒരു ശല്യവുമില്ലാതെ സുഖമായി ഉറങ്ങാൻ കുട്ടന് കഴിഞ്ഞു. എന്തൊരു ഉറക്കം. കയ്യും കാലും വിരിച്ച് താഴെ കുളിമുറിയിൽ ഉറങ്ങുന്നു. അവന്റെ തലയിൽ കൃത്യമായി വെള്ളം വീണുകൊണ്ടിരിന്നു.

No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...