Tuesday, November 2, 2021

മെക്ക് ജിജി

സുന്ദരിയായ ജിജി പാട്ടും പാടി കോളേജ് വരാന്തയിൽ നടക്കുന്ന കാലം. ഇടയ്ക്ക് തമ്മിൽ കാണുമ്പോൾ സംസാരിക്കും. കലാ ബഹുമാനത്തോടെ ഒന്നോ രണ്ടോ നേരം പോക്കും പറഞ്ഞു കൈ വീശി കാണിക്കുന്ന ചിരി ബന്ധം. കോളേജ് ദിനങ്ങൾ അവസാനിക്കാറായി, അവൾ ഇങ്ങനെ വിദൂരതയിലേക്ക് നോക്കി, മൂന്നാം നിലയിൽ നില്ക്കുന്നു. എന്റെ ക്ലാസ്സിന്റെ അടുത്തായി ഒരു തൂണിന്റെ മറവിൽ ചാരിയാണ് നിൽപ്പ്.

പോകുന്ന പോക്കിൽ ഞാൻ പറഞ്ഞു "ഇങ്ങനെ നോക്കി നിന്ന് താഴ്ത്തേക്ക് ചാടേണ്ട. കല്യാണമൊക്കെ ശരിയായി നടക്കും. അതോർത്ത് ദുഃഖിക്കേണ്ട."

"ഞാനൊന്നും ചാടാൻ പോകുന്നില്ല." അവൾ ചിരിച്ചു  കൊണ്ട് പറഞ്ഞു.

"ആ കൈ കാണിക്കു..." കുറച്ചു നേരം എന്ത് പറയണമെന്ന്  ഞാൻ ആലോചിച്ചുകൊണ്ടിരുന്നു.

പിന്നെ പറഞ്ഞു "സന്തോഷത്തോടെ ഇരിക്കൂ, വിവാഹം ചെയ്യാൻ പോകുന്ന വ്യക്തി ഇപ്പോൾ വടക്ക് ഭാഗത്ത് ഉണ്ടാകും.  ഡൽഹി, മുംബൈ ഇങ്ങനെ എവിടെയങ്കിലും ജോലിയായി ഉണ്ടാകുമെടോ... പേടിക്കാതിരിക്കാടൊ. അവിടെ നിന്ന് വരും ചെക്കൻ.... ഇങ്ങോട്ട് കുറച്ചു മാറി നിന്നോളൂ. അയാൾ വരുന്ന വരെ ജീവിക്കേണ്ട. "

"ഓ പിന്നെ..." അങ്ങനെ ആ സംഭാഷണം അവസാനിച്ചു.

ഞാൻ കോളജിലെ വൈവ കഴിഞ്ഞു ഡിപ്പാർട്മെന്റിന് പുറത്ത് നിൽക്കുമ്പോൾ, അവൾ എന്റെ അടുത്തേയ്ക്ക് ഓടി വന്നു. പലരും ക്യാമറയുമായി നടക്കുന്നുണ്ട്. അവൾ ഒരു മിനിറ്റ് എന്ന് പറഞ്ഞു എന്നെ തൂണിന് മറവിലേക്ക് വിളിച്ചു.

"ഒരു ഫോട്ടോ എടുക്കാം."

ഞാൻ പറഞ്ഞു "അതിനെന്താ എടുക്കാലോ. കുറച്ചു മാറി വെളിച്ചത്തേക്ക് നിൽക്കാം..."

"വേണ്ട വേണ്ട ..ഇവിടെ മതി...ഫ്ലാഷ് ഉണ്ട്."

"വേണ്ടങ്കിൽ വേണ്ട. ഇവിടെ എടുക്കാം."

"ഇതെന്തിനാ ഇങ്ങനെ എടുക്കണത്... ഒരു സുന്ദരിയുടെ കൂടെ തീരെ ഭംഗിയില്ലാത്ത ആൾ. അതും തീരെ വെളിച്ചമില്ലാതെ ഫോട്ടോയും കാണാൻ  ഭംഗിയുണ്ടാവില്ല."

"അത് കുഴപ്പമില്ല. താൻ എന്നെങ്കിലും വല്ല സിനിമയിലോ എവിടെങ്കിലും കയറി ഫേമസ് ആയാൽ "

"ആയാൽ..?"

"കണ്ടിട്ടില്ലേ... അവരുടെ തീരെ ഭംഗിയില്ലാത്ത പഴയ ഫോട്ടോസ് മാതൃഭൂമി പത്രത്തിലൊക്കെ വരുന്നത്. അത് പോലെ ഞാൻ ഈ പഴയ ഫോട്ടോ പത്രത്തിന് കൊടുക്കും."

അതും കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു. "ശരി ശരി..എന്തായാലും  ഒരു കോപ്പി എനിക്ക് അയച്ചു തരണം."

പെട്ടന്ന്  സീൻ മാറി. അവൾ ക്യാമറയിലേക്ക് നോക്കി. "അയ്യോ... ഇതിലെ 36 ഫിലിം കഴിഞ്ഞു... അയ്യോ... ഇനി എന്താ ചെയ്യാ."

ഞാൻ മനസ്സിൽ പറഞ്ഞു 'സൂത്രക്കാരി. വിട്,  വിട്, വണ്ടി പോട്ടെ.' 

No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...