ബി.എസ്.സി ഫിസിക്സ് മെയിൻ ട്യൂഷന് കൂടെയുള്ള
എല്ലാവരും അവിടെയാണ് പോകുന്നത്. മേനോൻ മാഷിന്റെ വീട്ടിൽ. ഞാനും കൂടെ ചേർന്നു. ഒരു വെറൈറ്റി
ആവട്ടെയെന്നും കരുതി. ജയറാം മാസ്റ്റർ സെയിന്റ് തോമസ് കോളേജിൽ ഉണ്ടല്ലോ. കൂടെയുള്ള പലർക്കും
മേനോൻ മാഷിനെ മുമ്പേ അറിയാമായിരുന്നു. പക്ഷെ, എന്റെ കന്നി ക്ലാസ് ആയിരുന്നു. ആദ്യ ദിവസമായിരുന്നതുകൊണ്ട്
കുളിച്ചു കുറിതൊട്ട് ,ഫുൾ കൈ ഷർട്ടും ഇട്ട്, വെള്ളയിൽ പച്ച നീളൻ
വരകൾ ഉള്ള ബോംബെ ഡൈയിങ് ഷർട്ടുമിട്ട് ക്ലാസിലെ ആദ്യ ബെഞ്ചിൽ തന്നെ സ്ഥാനം പിടിച്ചു.
സ്ഥാനം പിടിച്ചു എന്ന് പറയുന്നത് തെറ്റാണ്. ആ ഒരു സ്ഥാനം മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു.
ഒന്നാം സ്ഥാനം. ഒന്നാം ബെഞ്ചിൽ. ക്ലാസ് തുടങ്ങി, നോട്സ് പറയാൻ തുടങ്ങി. മാഷ് പറയുന്ന വേഗതയിൽ എനിക്ക് നോട്ട്സ് എഴുതാൻ പറ്റിയിരുന്നില്ല. ആദ്യ ദിവസമാണല്ലോ ഞാൻ
അത്ര കാര്യമാക്കിയില്ല. എന്നാൽ ഞാൻ തെറ്റിക്കുന്നത് മാഷ് കൃത്യമായി ശ്രദ്ധിക്കുന്നുണ്ടെന്ന്
ഞാൻ ശ്രദ്ധിച്ചില്ല. രണ്ടോ മൂന്നോ തവണ മേനോൻ മാഷ് ഉറക്കെ സംസാരിച്ചു തിരുത്തി കൊണ്ടിരുന്നു.
ഞാൻ മനസ്സിൽ പറഞ്ഞു, എന്തിനാണ് ഇത്ര ഉറക്കെ സംസാരിക്കുന്നത്, പതുക്കെ പറഞ്ഞാലും എനിക്ക്
കേൾക്കാം, പിന്നെ എപ്പോഴോ ശബ്ദം കൂടി കൂടി അന്ന് എന്റെ തൊലി ഉരിഞ്ഞു എടുത്തു. പ്രത്യേകിച്ച്
ഒരു വാചകം കേട്ടതോടെ തൊലി മുഴുവാനായി ഉരിഞ്ഞു പോയി "എൻട്രൻസ് കിട്ടാതെ നിരാശയായി...വന്നിരിക്കാ...സാധനം..."
പിന്നെ എന്തൊക്കൊയോ....ആ വരിയാണ് എന്നെ നിരാശനാക്കിയത്. ഒരു നോവൽ എഴുതി അത് ശരിയാവാതെ സ്വപ്നം കണ്ടിരുന്ന എന്നോട് എൻട്രൻസ്
നിരാശയെന്ന് പറഞ്ഞത് സത്യത്തിന് നിരക്കാത്തതായി
അന്നേരം അനുഭവപ്പെട്ടു. അന്നൊരു കാര്യം മനസിലായി മുൻബെഞ്ചിൽ ആദ്യ സീറ്റിൽ ഫുൾ കൈ ഷർട്ട്
ഇട്ട് ചെന്നാൽ ആക്കാലത്ത് ഏത് മാഷായാലും തെറ്റിധരിക്കില്ലേ! മാഷേ കുറ്റം പറഞ്ഞിട്ട്
കാര്യമില്ല. കാവി ജുബ്ബ എടുത്ത് ഇടേണ്ടി വരും മനസിൽ പറഞ്ഞു; അല്ലെങ്കിൽ മാഷ് ഇനിയും
തെറ്റിദ്ധരിക്കും.
പിന്നത്തെ ആഴ്ച മുതൽ അര മണിക്കൂർ നേരത്തെ
എത്തി ക്ലാസ്സിലെ നടുവിൽ സ്ഥാനം പിടിച്ചു. പിന്നെ ഒരു തരത്തിലും മാഷിന് എന്റെ നോട്ടുബുക്കിലേക്ക്
കണ്ണെത്തിയില്ല. ബെഞ്ചിലെ ആദ്യ സ്ഥാനം കിട്ടാതിരിക്കാൻ മത്സരം തന്നെയുണ്ടെന്ന് പിന്നീടാണ്
അറിഞ്ഞത്. വളരെ നേരത്തെ ക്ലാസ്സിൽ എത്തുകയെന്ന ഒറ്റ മാർഗ്ഗം മാത്രമാണ് അന്നുണ്ടായിരുന്നത്.
No comments:
Post a Comment